October 16, 2021

രാജി തീരുമാനത്തിൽ മാറ്റമില്ല, തോൽവിക്ക് പിന്നാലെ കടുത്ത നിരാശയിലാണ്ട് രാഹുൽ

ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ ദയനീയ പരാജയത്തിന്റെ ഉത്തരവാദിത്വമേറ്റെടുത്ത് പാർട്ടി അദ്ധ്യക്ഷ സ്ഥാനം രാജി വയ്‌ക്കാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്ന് രാഹുൽ ഗാന്ധി. തന്നെ വന്ന് കണ്ട കോൺഗ്രസ് നേതാക്കളായ കെ.സി.വേണുഗോപാൽ, അഹമ്മദ് പട്ടേൽ എന്നിവരെയാണ് രാഹുൽ തന്റെ തീരുമാനം അറിയിച്ചത്. പാർട്ടി അദ്ധ്യക്ഷസ്ഥാനത്തേക്ക് പുതിയൊരാളെ കണ്ടെത്താൻ ഇരുവരോടും നിർദ്ദേശിച്ച രാഹുൽ കടുത്ത നിരാശയിലാണെന്നാണ് സൂചന. പുതുതായി തിരഞ്ഞെടുക്കപ്പെട്ട എം.പിമാരെ കാണാൻ കൂട്ടാക്കാതിരുന്ന രാഹുൽ തന്റെ എല്ലാ പരിപാടികളും റദ്ദാക്കിയിട്ടുമുണ്ട്. തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ താൻ ഉയർത്തിയ ചൗക്കീദാർ ചോർ ഹൈ മുദ്രാവാക്യം ഏറ്റെടുക്കാൻ മറ്റ് കോൺഗ്രസ് പ്രവർത്തകർ തയ്യാറാകാത്തതും മുതിർന്ന നേതാക്കൾ ഉൾപ്പെടെയുള്ളവർ വ്യക്തിതാത്പര്യങ്ങൾക്കായി പാർട്ടിയെ ഉപയോഗിക്കുന്നതുമാണ് രാഹുലിനെ തളർത്തിയതെന്നാണ് സൂചന. എന്നാൽ രാഹുലിനെ തീരുമാനത്തിൽ നിന്ന് പിന്തിരിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണെന്നും വിവരമുണ്ട്.

എന്നാൽ രാഹുൽ ഗാന്ധി പാർട്ടിയെ പ്രതിസന്ധി പൂർണമായും ഉപേക്ഷിച്ച് പോകില്ലെന്നും പുതിയൊരാളെ കണ്ടെത്തുന്നത് വരെ അദ്ധ്യക്ഷ സ്ഥാനത്ത് അദ്ദേഹം തന്നെ തുടരുമെന്നുമാണ് സൂചന. ആദ്യഘട്ടത്തിൽ എതിർത്തിരുന്നെങ്കിലും സോണിയാ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും രാഹുലിന്റെ തീരുമാനത്തിന് സമ്മതം മൂളിയിട്ടുണ്ട്. സമ്പൂർണ അഴിച്ചുപണി നടത്തിയാൽ മാത്രമേ കോൺഗ്രസിന് ഇനി അധികാരത്തിൽ തിരിച്ചെത്താനാവൂ എന്നാണ് ഇവരുടെയും വിലയിരുത്തൽ. അദ്ധ്യക്ഷസ്ഥാനം രാജിവച്ചാലും പാർട്ടിയുടെ ഉന്നത സ്ഥാനത്ത് തുടർന്നുകൊണ്ട് രാഹുൽ കോൺഗ്രസിനെ പുതിയ ദിശയിലേക്ക് നയിക്കണമെന്ന ആവശ്യവും ശക്തമാണ്. രാഹുൽ അല്ലെങ്കിൽ പ്രിയങ്കയെ അദ്ധ്യക്ഷയാക്കാമെന്ന തീരുമാനത്തോടും രാഹുലിന് എതിരഭിപ്രായമാണുള്ളത്. അതുകൊണ്ട് തന്നെ ആരായിരിക്കും പുതിയ കോൺഗ്രസ് അദ്ധ്യക്ഷനെന്ന ആകാംഷയിലാണ് രാഷ്ട്രീയ ലോകം.