ഇടതുപക്ഷത്തിന്റെ ശക്തികേന്ദ്രങ്ങളിൽ വോട്ട് ചോർന്നു, ആത്മപരിശോധന ആവശ്യമാണെന്ന് യെച്ചൂരി

ലോക്സഭ തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ശക്തി കേന്ദ്രങ്ങളിൽ വോട്ട് ചോർന്നെന്ന് സി.പി.എം പോളിറ്റ് ബ്യൂറോയുടെ വിലയിരുത്തൽ. തിരഞ്ഞെടുപ്പ് തോൽവിയിൽ ആഴത്തിലുള്ള ആത്മപരിശോധന നടത്തണമെന്നും പരാജയകാരണങ്ങൾ ആഴത്തിൽ വിലയിരുത്തുമെന്ന് സി.പി.എം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി.

ദൈനംദിന പ്രശ്‌നങ്ങളേക്കാൾ ബി.ജെ.പി ദേശീയ സുരക്ഷ ചർച്ചയാക്കി. സാധാരണക്കാരുടെ പ്രശ്‌നങ്ങൾ ചർച്ചയാക്കാതെ വർഗീയതയും തീവ്രദേശീയതയും ചർച്ചയാക്കുന്നതിൽ ബി.ജെ.പി വിജയിച്ചു. തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ന്യൂനപക്ഷങ്ങൾക്ക് നേരെ പല സംസ്ഥാനങ്ങളിലും അക്രമം നടന്നുവെന്നും യെച്ചൂരി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

കേരളത്തിലെ തിരഞ്ഞെടുപ്പ് ഫലത്തിൽ ശബരിമല തിരിച്ചടിയായോ എന്ന് പരിശോധിക്കും. ജനറൽ സെക്രട്ടറി എന്ന നിലയിൽ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു. ഇക്കാര്യത്തിൽ പാർട്ടിക്ക് കൂട്ടുത്തരവാദിത്തമുണ്ടെന്നും യെച്ചൂരി പറഞ്ഞു. കേന്ദ്ര കമ്മിറ്റിയിൽ സംസ്ഥാനങ്ങളുടെ റിപ്പോർട്ടും പി.ബിയുടെ വിലയിരുത്തലുകളും ചർച്ച ചെയ്യും. അതിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തി മുന്നോട്ട് പോകുമെന്നും യെച്ചൂരി വ്യക്തമാക്കി.

You may also like...