July 24, 2021

മഹീനയ്ക്ക് മുന്നില്‍ കുഞ്ഞോളം കുനിഞ്ഞ് ദുബായ് ഭരണാധികാരി

യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനെ സന്ദർശിക്കാൻ താജികിസ്ഥാനിൽ നിന്നൊരു അതിഥിയെത്തി. ഹൃദയത്തിൽ നാല് ദ്വാരങ്ങളുമായി അപൂർവ്വ അവസ്ഥയുമായാണ് മഹീനയുടെ ജനനം. സമപ്രായക്കാരായ കുട്ടികൾക്കൊപ്പം കളിക്കാനും ഓടിനടക്കാനുമൊന്നും ഈ ഒൻപതുവയസ്സുകാരിക്ക് കഴിയില്ലായിരുന്നു.

അമ്മയും അച്ഛനും വേർപിരിഞ്ഞ് കഴിയുന്നതിനാൽ ശസ്ത്രക്രിയയും സാധ്യമായിരുന്നില്ല. ഒരു വയസിനുള്ളില്‍ ശസ്ത്രക്രിയ ചെയ്യേണ്ടിയിരുന്നു. പക്ഷേ ജീവിത സാഹചര്യങ്ങൾ മൂലം അഞ്ച് വയസ് കഴിയുന്നത് വരെ കാര്യമായ ചികിത്സയൊന്നും അവള്‍ക്ക് ലഭിച്ചില്ല. ഒടുവില്‍ ദുബായ് ഭരണാധികാരിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സ് (എം.ബി.ആര്‍.ജി.ഐ) ആണ് അവള്‍ക്ക് സഹായവുമായെത്തി. ശസ്ത്രക്രിയക്ക് ശേഷം മഹിനയുടെ സ്ഥിതി മെച്ചപ്പെട്ടതോടെ അവളുടെ മതാപിതാക്കളുടെ ജീവിതത്തിലും പുതിയ പ്രതീക്ഷകള്‍ ജനിച്ചു. അകന്നുകഴിയുകയായിരുന്ന മാതാപിതാക്കള്‍ ഒന്നിച്ചു. ഇപ്പോള്‍ മഹിനക്ക് ഒന്‍പത് വയസായി. പൂര്‍ണ ആരോഗ്യവതിയാണവള്‍. കഴിഞ്ഞ ദിവസം ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ഗ്ലോബല്‍ ഇനിഷ്യേറ്റീവ്സ് ദുബായില്‍ സംഘടിപ്പിച്ച ഇഫ്താറിലേക്കാണ് അധികൃതര്‍ അവളെ ക്ഷണിച്ചത്.