July 25, 2021

ചെറുകിട കച്ചവടക്കാർക്ക് മോദിയുടെ 3000 രൂപ പ്രതിമാസ പെൻഷൻ

എല്ലാ ചെറുകിട കച്ചവടക്കാർക്കും മിനിമം 3000 രൂപ പെൻഷൻ നൽകുന്ന പദ്ധതിയ്ക്ക് കേന്ദ്ര മന്ത്രിസഭ അം​ഗീകാരം നൽകി. അടുത്ത മൂന്നു വർഷത്തിനുള്ളിൽ അഞ്ചു കോടി വ്യാപാരികൾ പദ്ധതിയിൽ അം​ഗങ്ങളാകുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ. 3 കോടിയോളം റീട്ടെയിൽ വ്യാപാരികൾക്കും കച്ചവടക്കാർക്കും നേട്ടമുണ്ടാകുന്ന ഈ പദ്ധതിയെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ ഇതാ..

നരേന്ദ്ര മോദിയുടെ സാർവത്രിക സാമൂഹിക സുരക്ഷാ പദ്ധതിയുടെ ഭാഗമാണ് ഈ പെൻഷൻ പദ്ധതി. 60 വയസ്സിനു ശേഷം എല്ലാ കച്ചവടക്കാർക്കും ചില്ലറ വ്യാപാരികൾക്കും കുറഞ്ഞത് 3,000 രൂപ പെൻഷൻ ലഭിക്കുന്ന പദ്ധതിയാണിത്. ഈ പദ്ധതി വഴി എല്ലാ കച്ചവടക്കാർക്കും, ചില്ലറ വ്യാപാരികൾക്കും സ്വയം തൊഴിൽ ദാതാക്കൾക്കും 60 വയസ് പൂർത്തിയായാൽ പ്രതിമാസം 3,000 പെൻഷൻ തുക ഉറപ്പാക്കുകയാണ് സർക്കാരിന്റെ ലക്ഷ്യം. 3 കോടി വ്യാപാരികളും കച്ചവടക്കാരും പദ്ധതിയുടെ ​ഗുണഭോക്താക്കളാകുമെന്നാണ് പ്രാഥമിക നി​ഗമനം.

ജിഎസ്ടി വിറ്റുവരവ് 1.5 കോടിയിൽ താഴെയുള്ള എല്ലാ വ്യാപാരികൾക്കും പെൻഷൻ പദ്ധതിയ്ക്കായി അപേക്ഷിക്കാവുന്നതാണ്. 18നും 40 വയസ്സിനും ഇടയിൽ പ്രായമുള്ളവരായിരിക്കണം അപേക്ഷിക്കേണ്ടത്.  സാധാരണക്കാർക്ക് രാജ്യമെമ്പാടുമുള്ള 3.25 ലക്ഷം കോമൺ സർവ്വീസ് സെന്ററുകളിലൂടെ അപേക്ഷ സമർപ്പിക്കാം.