കൊല്ലത്തിനടുത്ത് ബാലഭാസ്കറിന്റെ കുടുംബം വാഹനം നിർത്തി ജ്യൂസ് കുടിച്ച സിസിടിവി ദൃശ്യങ്ങൾ കടയിൽ നിന്നും ശേഖരിച്ചതായി പ്രകാശ് തമ്പി. ജ്യൂസ് കടയുടമ ഷംനാദിന്റെ സുഹൃത്തായ നിസാമിന്റെ സഹായത്തോടെയാണ് ദൃശ്യങ്ങൾ ശേഖരിച്ചതെന്ന് പ്രകാശ് തമ്പി ക്രൈംബ്രാഞ്ചിനോട് സമ്മതിച്ചു. സ്വർണക്കടത്തു കേസിൽ ഒളിവിൽ പോകുന്നതിന് മുമ്പ് ക്രൈം ബ്രാഞ്ച് നടത്തിയ ചോദ്യം ചെയ്യലില്‍ ആയിരുന്നു പ്രകാശ് തമ്പി ഇക്കാര്യം വ്യക്തമാക്കിയത്.
ഡ്രൈവർ അർജുന്റെ മൊഴി സത്യമാണോയെന്ന് പരിശോധിക്കാനാണ് സിസിടിവി ദൃശ്യങ്ങള്‍ എടുത്തതെന്ന് തമ്പി പറഞ്ഞു. കൊല്ലത്ത് നിന്നും വാഹനമോടിച്ചത് ബാലഭാസ്കറെന്നായിരുന്നു അർജുന്റെ മൊഴി. ഹാർഡ് ഡിസ്കിൽ നിന്ന് ഒന്നും ലഭിച്ചില്ലെന്ന് തമ്പി ക്രൈംബ്രാഞ്ചിനോട് പറഞ്ഞു. കൂടുതൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ വിളിപ്പിച്ചതിനെത്തുടർന്നാണ് തമ്പി ഒളിവിൽ പോയത്
നേരത്തെ ഷംനാദിന്റെ മൊഴിയെടുത്ത ശേഷമായിരുന്നു പ്രകാശിനെ ചോദ്യം ചെയ്തത്. ദൃശ്യങ്ങൾ പ്രകാശ് തമ്പി എന്നയാൾ കൊണ്ടുപോയിട്ടില്ലെന്ന് ജ്യൂസ് കടയുടമ ഷംനാദ് നേരത്തെ പ്രതികരിച്ചിരുന്നു. ക്രൈംബ്രാഞ്ചിനോട് പ്രകാശ് തമ്പി ദൃശ്യങ്ങൾ കൊണ്ടുപോയെന്ന് മൊഴി നൽകിയിട്ടില്ലെന്നും ഷംനാദ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ബാലഭാസ്കറിന്റെ മരണത്തിന് ശേഷം പ്രകാശ് തമ്പി എന്ന ഒരാൾ ജ്യൂസ് കടയിൽ വന്നിട്ടില്ല, സിസിടിവി ഹാർഡ് ഡിസ്ക് എടുത്തുകൊണ്ട് പോയിട്ടില്ല, അങ്ങനെയൊരാളെ അറിയില്ല, മരിച്ചത് ബാലഭാസ്കറാണെന്ന് പോലും അറിയില്ലായിരുന്നുവെന്ന് ജ്യൂസ് കടയുടമ ഷംനാദ് പ്രതികരിച്ചത്.