October 28, 2020

ഇനി മുഴുവന്‍ ട്രെയിനുകളിലും ബയോ ടോയ്ലറ്റ്, ട്രാക്കുകള്‍ ക്ളീന്‍

ആറു ദിവസം കൂടി മതി, സംസ്ഥാനത്തെ റെയില്‍ ട്രാക്കുകള്‍ പൂര്‍ണമായും ഹരിതപാതയാകും! കേരളത്തില്‍ ഓടുന്ന പാസഞ്ചറുകള്‍ മുതല്‍ മെയില്‍, എക്സ്‌പ്രസുകള്‍ വരെ മുഴുവന്‍ ട്രെയിനുകളിലും ബയോ ടോയ്‌ലറ്റുകള്‍ ഘടിപ്പിക്കുന്ന ജോലി 30 ന് പൂര്‍ത്തിയാകും. അതോടെ, യാത്രക്കാരുടെ വിസര്‍ജ്യം ട്രാക്കുകളില്‍ വീഴുന്ന പ്രശ്നത്തിന് പരിഹാരമാകും.

തിരുവനന്തപുരം ഡിവിഷനിലെ ട്രെയിനുകളില്‍ ആകെ രണ്ടായിരം കംപാര്‍ട്ട്മെന്റുകളുണ്ട്. അവയില്‍ ബയോ ടോയ്ലറ്റുകള്‍ ഘടിപ്പിക്കുന്ന ജോലി ഇനി 18 എണ്ണത്തിലേ ബാക്കിയുള്ളൂ. പാലക്കാട് ഡിവിഷനില്‍ 573 കംപാര്‍ട്ട്മെന്റുകളില്‍ 18 എണ്ണത്തില്‍ പണി ബാക്കിയുണ്ട്. അതു കൂടി കഴിഞ്ഞാല്‍ ട്രാക്കുകള്‍ ക്ളീന്‍.
എല്ലാ ട്രെയിനുകളിലും, മുഴുവന്‍ കംപാര്‍ട്ട്മെന്റുകളിലും ബയോ ടോയ്ലറ്റുകള്‍ വരുന്നതോടെ ട്രാക്കുകള്‍ മാത്രമല്ല, റെയില്‍വെ സ്റ്റേഷനുകളും പരിസരവും കൂടി വൃത്തിയാകും.

ട്രാക്കുകള്‍ വൃത്തിയാക്കാന്‍ ശക്തിയോടെ വെള്ളം ചീറ്റുമ്ബോള്‍ മാലിന്യത്തിനൊപ്പം മണ്ണും ഒലിച്ചു പോകുന്നതായിരുന്നു മറ്റൊരു പ്രശ്നം. ബയോ ടോയ്ലറ്റുകള്‍ വ്യാപകമാകുന്നതോടെ ട്രാക്ക് വൃത്തിയാക്കല്‍ എളുപ്പമാകും. ട്രാക്ക് അറ്റകുറ്റപ്പണികളും കുറയും. ഗ്വാളിയര്‍ – വാരണാസി ബുന്ദേല്‍ഖണ്ഡ് എക്‌സ്‌പ്രസില്‍ 2011 ജനുവരിയിലാണ് രാജ്യത്ത് ആദ്യമായി ബയോ ടോയ്‌ലറ്റ് ഘടിപ്പിച്ചത്. ഒരു ബയോ ടോയ്‌ലറ്റിന് ഒരു ലക്ഷം രൂപയോളമാണ് ചെലവ്.