April 11, 2021

‘ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ്’ പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്ര സര്‍ക്കാര്‍

ഒരു രാജ്യം ഒരു റേഷന്‍ കാര്‍ഡ് എന്ന പുതിയ പദ്ധതി പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. പൊതുവിതരണ സംവിധാനം വഴിയുള്ള റേഷന്‍ രാജ്യത്തിന്റെ ഏത് ഭാഗത്തും ലഭ്യമാക്കുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

കേന്ദ്ര ഭക്ഷ്യ പൊതുവിതരണ മന്ത്രി രാം വിലാസ് പാസ്വന്‍ അദ്ധ്യക്ഷനായ യോഗമാണ് പദ്ധതി ഔദ്യോഗികമായി പ്രഖ്യാപിച്ചത്. സംസ്ഥാനങ്ങളിലെ ഭക്ഷ്യ സെക്രട്ടറിമാരും ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ, സെന്‍ട്രല്‍ വെയര്‍ ഹൗസിംഗ് കോ-ഓപ്പറേഷന്‍, സ്റ്റേറ്റ് വെയര്‍ ഹൗസിംഗ് കോ-ഓപ്പറേഷന്‍ പ്രതിനിധികളും യോഗത്തില്‍ പങ്കെടുത്തു.

ഇതര സംസ്ഥാന തൊഴിലാളികള്‍ക്കും കുടിയേറ്റ തൊഴിലാളികള്‍ക്കും വിവിധ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന പാവപ്പെട്ടവര്‍ക്കും ആശ്വാസമേകുന്ന പദ്ധതിക്കാണ് കേന്ദ്രസര്‍ക്കാര്‍ രൂപം നല്‍കിയിരിക്കുന്നത്. ഒരു വര്‍ഷത്തിനകം പദ്ധതി യാഥാര്‍ത്ഥ്യമാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്. ഇതിനായി എല്ലാ പൊതുവിതരണ കേന്ദ്രങ്ങളിലും പിഒസ് (പോയിന്റ് ഓഫ് സെയില്‍) യന്ത്രങ്ങള്‍ സ്ഥാപിക്കും.

വിവിധ സംസ്ഥാനങ്ങളില്‍ ഒന്നില്‍ കൂടുതല്‍ റേഷന്‍ കാര്‍ഡുകള്‍ ഉപയോഗിച്ച് ആനൂകൂല്യങ്ങള്‍ നേടുന്നത് തടയാനും പുതിയ പദ്ധതിക്കാവും. കുടിയേറ്റ തൊഴിലാളികളാകും ഇതിന്റെ ഏറ്റവും വലിയ ഗുണഭോക്താക്കളായി മാറുകയെന്ന് മന്ത്രി രാംവിലാസ് പാസ്വാന്‍ പറഞ്ഞു. അവര്‍ക്ക് പൂര്‍ണ്ണ ഭക്ഷ്യസുരക്ഷ ഉറപ്പാക്കും. ഏത് പൊതുവിതരണ കേന്ദ്രം തിരഞ്ഞെടുക്കണമെന്ന് ഗുണഭോക്താവിന് സ്വാതന്ത്ര്യമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.