September 24, 2020

അവര്‍ ഇല്ലെങ്കില്‍ എന്റെ ഈ മക്കളില്ല; ദൈവങ്ങളായി അവതരിച്ച ഡോക്ടര്‍മാര്‍

ഡോക്ടറുമാരുടെ വൈഭവം കൊണ്ട് അസാധ്യമായ കാര്യങ്ങൾ സാധ്യമായ അനുഭവങ്ങൾ നമുക്ക് ചുറ്റും ഒരുപാടുണ്ട്. അത്തരമൊരു ജീവിതമാണ് സുധാകരൻ മാഷിന്റെയും ഷിൽനയുടെയും ജീവിതം. സുധാകരൻ മാഷിന്റെ മരണശേഷം ശീതികരിച്ച് സൂക്ഷിച്ച അദ്ദേഹത്തിന്റെ ബീജത്തിൽ നിന്നാണ് ഷിൽനയ്ക്ക് ഇരട്ടക്കുഞ്ഞുങ്ങളുണ്ടാകുന്നത്. തന്റെ ഈ വിഷമഘട്ടത്തിൽ ഒപ്പം നിന്ന ഡോക്ടര്‍മാർക്ക് നന്ദി പറഞ്ഞുകൊണ്ട് ഷിൽന എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. കുറിപ്പ് ഇങ്ങനെ:

പൂർണമായും നമുക്ക് മാത്രം അവകാശപ്പെടാനാവാത്ത ചില ജീവിതങ്ങളുണ്ട്..

എന്‍റെ രണ്ടു പെൺകുഞ്ഞുങ്ങളെ പോലെ..

കയ്യിൽ കിട്ടുന്നത് വരെ ഇവരുടെ ജനനം ഒരു സമസ്യ മാത്രമായിരുന്നു.. ആലോചിക്കുമ്പോഴെല്ലാം കൂടുതൽ കൂടുതൽ കുരുക്കുകളിലേക്കു മനസ് ചെന്നെത്തും..

ഒരു കടങ്കഥ പകൽ സത്യമായി ഭവിക്കുന്നതെങ്ങനെയാവും ?

വൈദ്യശാസ്ത്രമില്ലെങ്കിൽ ഇത് പോലെ ഇവിടിരിക്കാൻ ഇവരോ ,ഈ കഥകളെഴുതാൻ ഞാനോ ഉണ്ടാവുമായിരുന്നില്ല..

കുട്ടിക്കാലത്തു പഠിച്ചിട്ടുണ്ട് ലൂയിസ് ബ്രൗൺ ആണ് ആദ്യത്തെ ടെസ്റ്റ് ട്യൂബ് ശിശു എന്ന്‌..

ആ വഴിയിലൂടെയാവും എന്റെയും പുനർജനനം എന്ന്‌ ആരാണ് അറിഞ്ഞത്..

ഓപ്പറേഷൻ തീയേറ്ററിലെ നീല കുപ്പായക്കാർക്കിടയിൽ നിന്നു ഡോക്ടർ അമറിനെ ഒരു മിന്നായം പോലെയേ അന്ന് കണ്ടിരുന്നുള്ളൂ..എപ്പോഴും ശുഭാപ്തി വിശ്വാസം പകരുന്ന അലസനായ ആ മെലിഞ്ഞ മനുഷ്യന്‍റെ കൈകളിലായിരുന്നു എന്‍റെ പുനർജീവിതം. ..രണ്ടു പെൺകുഞ്ഞുങ്ങളെ പ്രതീക്ഷിച്ചാണ് ഞാൻ കിടന്നിരുന്നത്..മരണത്തിനു മുൻപ് മാഷ് എനിക്ക് തന്ന ഉറപ്പായിരുന്നു അത്…ആദ്യത്തേത് പെൺകുഞ്ഞെന്നുള്ള ഡോക്ടർ അമറിന്റെ പതിഞ്ഞ സ്വരം ഇപ്പോഴും ചെവിയിൽ മുഴങ്ങുന്നുണ്ട്..രണ്ടാമത്തെയാളും പെൺകുഞ്ഞെന്ന അറിയിപ്പ് വന്നതോടെ പത്തു മാസമായി ഞാൻ അമർത്തി വെച്ച ദുഃഖം അണപൊട്ടിയൊഴുകി..കണ്ണീരിൽ ആ കിടക്കവിരി നനഞ്ഞു കുതിർന്നു…

എന്‍റെ ജീവിതത്തിലെ വിലപ്പെട്ട സമ്പാദ്യങ്ങൾ ആദ്യമായി സ്പർശിച്ച ,ഒരു പോറലും ഏൽക്കാതെ പുറത്തു കൊണ്ടുവന്ന ആ ഡോക്ടറെ ഒന്ന് കെട്ടിപ്പിടിച്ചു പൊട്ടിക്കരയാൻ ഞാൻ ആത്മാർഥമായി ആഗ്രഹിച്ചു..

ആഗ്രഹിച്ചു കിട്ടുന്നൊരു ഗർഭം പൊട്ടാതെ പൊളിയാതെ മുന്നോട്ട്‌ കൊണ്ടുപോവാൻ ആരാണോ എന്നെന്നും കൂടെയുണ്ടാവേണ്ടത് ആ മനുഷ്യൻ എന്നെന്നേക്കുമായി എന്നെ വിട്ടുപോയിരുന്നു..

അതി ദുരിതവും കഠിനവുമായിരുന്നു ആ ഗര്ഭകാലം..മാഷൊടെന്നിച്ചുള്ള ദിനങ്ങൾ എത്രയോ കിനാവ് കണ്ടിരുന്നു..പക്ഷെ ഇപ്പോ ഞാൻ ഒറ്റയാനെന്ന തിരിച്ചറിവ് എന്നെ കൂടുതൽ കൂടുതൽ ക്ഷീണിതയാക്കി..

ഡോക്ടർ ഷൈജസ് പറഞ്ഞു തന്ന ഒരുപാടൊരുപാട് ഗർഭ കഥകൾ എന്നെ പലതിനും പ്രാപ്തയാക്കി..കുഞ്ഞുങ്ങളെയും കൊണ്ട് വിജയിച്ചു മാത്രമേ നമ്മൾ വരികയുള്ളു എന്ന്‌ അദ്ദേഹം എല്ലായ്പ്പോഴും ഉറപ്പു തന്നു…ആ കരങ്ങളിൽ അത്യധികം സുരക്ഷ ഞാൻ കണ്ടെത്തി…ഒരിക്കൽ പോലും വിഷമിച്ചിരിക്കാൻ അദ്ദേഹം അനുവദിച്ചില്ല…

സിനിമയേക്കാൾ വിചിത്രമാണ് എന്‍റെ ജീവിതം എന്നെനിക്കു എല്ലായ്പ്പോഴും തോന്നാറുണ്ട്.മരിച്ചു പോയ ഒരു മനുഷ്യന്റെ കുഞ്ഞുങ്ങളെ പ്രസവിക്കുക..കേട്ടുകേൾവി പോലുമില്ലാത്ത കാര്യമാണ്..തീരുമാനങ്ങൾ എടുക്കുമ്പോഴൊക്കെയും മനസ്സിൽ ധൈര്യമായി നിന്നതു ആ വലിയ മനുഷ്യനായിരുന്നു…ഡോക്ടർ കുഞ്ഞു മൊയ്‌ദീൻ…എല്ലാ ദുഃഖങ്ങൾക്കും ഉള്ള മരുന്ന് മനസ് തന്നെയാണെന്ന വലിയ തിരിച്ചറിവിലൂടെ അദ്ദേഹം എന്നെ ജീവിതത്തിലേക്ക് പിച്ച വെച്ച് നടത്തിച്ചു…

ആ വലിയ തീരുമാനത്തിന് എല്ലാ പിന്തുണയും തന്നു കൂടെ നിന്നു..എല്ലാം ശരിയാവുമെടോ എന്ന്‌ പറഞ്ഞു പുറത്തു രണ്ടു കൊട്ടും കൊട്ടി ചേർത്ത് നിർത്തി..

എങ്ങനെ നന്ദി പറഞ്ഞാണ് ഞാൻ ഈ കടങ്ങളൊക്കെ വീട്ടി തീർക്കുക…

ഇത് എന്‍റെ മാത്രം കഥയല്ല ,എല്ലാവര്ക്കും ഉണ്ടാവും അതി പ്രിയപ്പെട്ട ചില ഡോക്ടർ കഥകൾ..

ജീവിതം തുടങ്ങുന്നതും ജീവിതം അവസാനിക്കുന്നതും ഡോക്ടർമാരിലാണെന്നു ഈയിടെ എവിടെയോ വായിക്കുകയുണ്ടായി..

ദൈവങ്ങൾ ചിലപ്പോൾ ഡോക്ടർമാരുടെ രൂപത്തിലാവും അവതരിക്കുക എന്ന്‌ ആരാണ് പറഞ്ഞത്.