Special

വൈദ്യുതി ബില്‍ 10,000 ല്‍ നിന്നും 1000 ല്‍ എത്തിക്കാന്‍ ഡോക്ടര്‍ ചെയ്തത് ഇങ്ങനെ

വൈദ്യുത ചാര്‍ജ്ജ് കുത്തനെ ഉയരുന്നത് മിക്കവരുടെയും ഒരു പ്രധാന പ്രശ്നമാണ്. വേനല്‍ക്കാലമായാല്‍ ഇത് താങ്ങാവുന്നതിലും അപ്പുറമാകുകയും ചെയ്യും. മുംബൈയിലെ വാഷിയിലെ ഫിസിയോതെറാപ്പിസ്റ്റായ ഡോ.റീമ ലെവിസ് എന്ന 38-കാരിയുടേയും പ്രധാന പ്രശ്നം വൈദ്യുത ബില്‍ തന്നെയായിരുന്നു. 10,000 രൂപയായിരുന്നു മാസം തോറും റീമയ്ക്ക് വന്നിരുന്ന വൈദ്യുത ബില്‍. എന്നാല്‍ ഇപ്പോള്‍ അത് 1000, 300 ഒക്കെയായി കുറഞ്ഞു. ഇതിനായി തന്റെ കുറച്ച് സമയം ചിലവാക്കുക മാത്രമാണ് റീമയ്ക്ക് ചെയ്യേണ്ടി വന്നത്.

സ്വന്തം വീടിനെ ഗ്രീന്‍ഹൗസാക്കുക എന്ന തീരുമാനത്തോടെയാണ് റീമയുടേയും ഭര്‍ത്താവിന്റെയും ജീവിതത്തില്‍ പച്ചപ്പ് നിറഞ്ഞതെന്ന് പറയാം. 2010-ല്‍ ഗര്‍ഭിണി ആയപ്പോഴാണ് റീമയും ഭര്‍ത്താവും പുതിയ ഒരു വീട് സ്വന്തമാക്കിയത്. ജനിക്കാനിരിക്കുന്ന കുട്ടിക്ക് ഒരു ഗ്രീന്‍ ഹൗസ് നല്‍കുക എന്ന് ഇതോടെ ഇവര്‍ തീരുമാനിച്ചു. അതിനായി അവര്‍ ആദ്യം ചെയ്തത് സോളാര്‍ പിവി പാനലുകള്‍ സ്ഥാപിച്ച് വീട്ടിലെ എല്ലാ ആവശ്യത്തിനുമുള്ള ഊര്‍ജ്ജം സൗരോര്‍ജ്ജത്തില്‍ നിന്ന് ആക്കുക എന്നതായിരുന്നു. ഇത് സ്ഥാപിക്കാനായി ചിലവായത് രണ്ടര ലക്ഷം രൂപയായിരുന്നു. മുന്‍പ് 10,000 രൂപ വൈദ്യുതി ബില്‍ വന്ന സ്ഥാനത്ത് ഇപ്പോള്‍ 1000 രൂപയാണ് വരുന്നത്. ചില മാസങ്ങളില്‍ സ്ഥിരം തുകയായ 300 രൂപയും.

വീട് ഗ്രീന്‍ ഹൗസാക്കാന്‍ ടെറസില്‍ വലിയൊരു പൂന്തോട്ടവും പച്ചക്കറിത്തോട്ടവും റീമയ്ക്കുണ്ട്. മാലിന്യം ജൈവവളമാക്കിയാണ് ചെടികളും മരങ്ങളും പച്ചക്കറിയും റീമ വളര്‍ത്തുന്നത്. പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ വീട്ടില്‍ വന്നു ശേഖരിക്കുന്ന സംഘങ്ങളിലൂടെ കൈമാറുകയാണ് പതിവ്. കൂടാതെ പെട്രോള്‍ വാഹനം ഉപേക്ഷിച്ച് ഇലക്ട്രിക് വാഹനമാണ് റീമ ഉപയോഗിക്കുന്നത്. മുന്‍പ് ഒന്‍പതിനായിത്തോളം രൂപ മാസം പെട്രോളിനായി റീമ ചിലവാക്കിയിരുന്നു. ഇപ്പോള്‍ 500 രൂപയില്‍ താഴെ മാത്രം മതി വാഹനം ഓടിക്കാന്‍ വേണ്ടത്. ആറുമണിക്കൂര്‍ കൊണ്ട് 100 ശതമാനം ചാര്‍ജ്ജ് ആകുന്ന ഒരു ഇരുചക്രവാഹനവും റീമയ്ക്കുണ്ട്. 100 മണിക്കൂറിലേറെ ഈ ചാര്‍ജ്ജില്‍ ഈ വാഹനം ഓടിക്കാം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button