ശിഷ്യൻ കടം വീട്ടിയത് മുപ്പതാണ്ടു കഴിഞ്ഞ്, പതിനായിരം ഇരട്ടിയായി

അരിവാങ്ങാനേല്‍പ്പിച്ച പണം കളിക്കിടെ നഷ്ടപ്പെട്ട കുട്ടികളുടെ സങ്കടം സ്വന്തം പണംകൊണ്ട് തീര്‍ത്തപ്പോള്‍ വാര്യര്‍ മാഷ് കരുതിയില്ല, മൂന്ന് പതിറ്റാണ്ടിന് ശേഷം ഈ സമാഗമം. അധ്യാപകന്‌ അന്നു നല്‍കിയ വാക്ക് പാലിക്കാന്‍ ശിഷ്യനെത്തിയത് 11രൂപ 35 പൈസയ്ക്ക് പകരം 1,13,500 രൂപയുമായാണെന്ന് മാത്രം. ചേര്‍പ്പ് ഗവ. ഹൈസ്കൂളാണ് ഈ അപൂര്‍വ കടംവീട്ടലിന് സാക്ഷിയായത്. സ്കൂളില്‍ അധ്യാപകനായിരുന്ന കെ.ഡബ്ല്യു. അച്യുതവാര്യരില്‍നിന്നു സ്വീകരിച്ച പണമാണ് മൂല്യമളക്കാനാവാത്ത കടപ്പാടായി തൈക്കാട്ടുശ്ശേരി സാഫല്യയില്‍ ദിനേശ് എന്ന പഴയശിഷ്യന്‍ മടക്കിയത്.

‘കൂലിപ്പണിക്ക് പോയി അച്ഛന്‍ കൊണ്ടുവന്ന 11രൂപ 35 പൈസ തിരിച്ചുകൊടുത്തപ്പോള്‍ മാഷ് അന്ന് വാങ്ങിയില്ല. പകരം എന്നെ ചേര്‍ത്തുനിര്‍ത്തി പറഞ്ഞു, വലുതായി കാശുണ്ടാവുമ്ബോള്‍ സ്കൂളിന് എന്തെങ്കിലും നല്‍കിയാല്‍ മതി”-ദിനേശ്‌ ഒാര്‍ക്കുന്നു.

സ്കൂളിലെ കായികമത്സരങ്ങളില്‍ പങ്കെടുക്കുന്നതിനിടയില്‍ കൂട്ടുകാരന്‍ പോക്കറ്റില്‍ ഉണ്ടായിരുന്ന രൂപ ദിനേശിനെ ഏല്പിച്ചു. വൈകീട്ട് പോകുമ്ബോള്‍ അരി വാങ്ങാനുള്ളതാണ്, സൂക്ഷിക്കണമെന്ന് പറഞ്ഞു. തിരിച്ചുവന്ന്‌ കൂട്ടുകാരന്‍ പൈസ തിരിച്ചുചോദിച്ചപ്പോഴേക്കും പണം നഷ്ടപ്പെട്ടിരുന്നു.

എന്ത് ചെയ്യുമെന്നറിയാതെ, സങ്കടം സഹിക്കാനാവാതെ നിന്നപ്പോഴാണ് അതുവഴി വാര്യര്‍ മാഷ് വന്നത്. ഒരു നിമിഷം കടിച്ചമര്‍ത്തിയ സങ്കടം പൊട്ടിയൊഴുകി. മാഷ് പോക്കറ്റില്‍നിന്ന് പൈസയെടുത്ത് കൂട്ടുകാരന് കൊടുക്കാന്‍ പറഞ്ഞു.

വൈകീട്ട് വീട്ടിലെത്തി സംഭവം പറഞ്ഞപ്പോള്‍ മകന്റെ കൈയില്‍നിന്നു നഷ്ടപ്പെട്ട രൂപയുടെ ഉത്തരവാദിത്വം ദിനേശിന്റെ അച്ഛന്‍ ഏറ്റെടുത്തു. അന്നത്തെ കൂലി മകനെ ഏല്‍പ്പിച്ചിട്ട് അത് മാഷിന് കൊടുക്കാന്‍ പറഞ്ഞു. അച്ഛന്റെ ഒരുദിവസത്തെ കൂലിയാണിതെന്ന് മനസ്സിലാക്കിയ അധ്യാപകന്‍ പൈസ സ്നേഹപൂര്‍വം തിരിച്ചുനല്‍കി. അന്ന് നല്‍കിയ വാക്ക് പാലിക്കാന്‍ വാര്യര്‍ മാഷുമായാണ് ദിനേശ് സ്കൂളിലെത്തിയത്. 12 വര്‍ഷമായി അബുദാബിയില്‍ ബിസിനസ് ചെയ്യുകയാണ് ദിനേശ്. പണം സ്കൂള്‍ ബസിന് വേണ്ടി ഉപയോഗിക്കുമെന്ന് ഗവ. ഹൈസ്കൂള്‍ പ്രഥമാധ്യാപിക യു.കെ. ഹസീന പറഞ്ഞു.

You may also like...