ഇന്ന് കര്‍ക്കിടക വാവ്; സ്‌പെഷ്യല്‍ വാവട തയ്യാറാക്കുന്ന വിധം

പിതൃക്കളുടെ മോക്ഷപ്രാപ്തിക്കായി ബലിതര്‍പ്പണം അര്‍പ്പിക്കുന്ന ദിനമാണ് കര്‍ക്കടകവാവ്. പരേതാത്മാക്കള്‍ക്ക് മോക്ഷം പ്രാപ്യമാക്കുന്ന ദക്ഷിണായനത്തിലെ ആദ്യ അമാവാസിയാണിത്. പിതൃപ്രധാനമായി കണക്കാക്കുന്നു. പിതൃക്കള്‍ വീടു സന്ദര്‍ശിക്കുന്ന ദിവസമാണിതെന്നാണ് വിശ്വാസം. അന്ന് വിശ്വാസികള്‍ ശര്‍ക്കരയും തേങ്ങയും ചേര്‍ത്ത് ‘വാവട’യുണ്ടാക്കി പിതൃക്കള്‍ക്കായി കാത്തിരിക്കുന്നു.

ചേരുവകള്‍
ഗോതമ്പുപൊടി – 3 ടേബിള്‍സ്പൂണ്‍,അരിപ്പൊടി – 3/4 കപ്പ്,റാഗിപ്പൊടി – 2 ടേബിള്‍സ്പൂണ്‍,കൂവപ്പൊടി – 2 ടേബിള്‍സ്പൂണ്‍,തേങ്ങ ചിരകിയത് – 1 കപ്പ്,ശര്‍ക്കര – 150 ഗ്രാം,ചുക്കുപൊടി – 1/4 ടീസ്പൂണ്‍,ഏലക്കായപ്പൊടി – 1/2 ടീസ്പൂണ്‍,ജീരകം – 1/4 ടീസ്പൂണ്‍,വെള്ളം – ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തില്‍ അരിപ്പൊടി, ഗോതമ്പുപൊടി, റാഗിപ്പൊടി കുവപ്പൊടി എന്നിവ ചേര്‍ത്ത് തിളച്ച വെള്ളത്തില്‍ നല്ലതുപോലെ കുഴച്ചെടുക്കുക. ഇടിയപ്പത്തിന് കുഴയ്ക്കുന്നതുപോലെ തയാറാക്കണം. ഒരു പാനില്‍ ശര്‍ക്കര ഉരുക്കി തേങ്ങയും ചുക്കുപൊടിയും ജീരകവും ഏലയ്ക്കാപ്പൊടിയും ചേര്‍ത്ത് നല്ലതുപോലെ ഇളക്കി വിളയിക്കണം. കഴുകി വൃത്തിയാക്കിയ വാഴയിലയില്‍ അല്പം കുഴച്ച മാവ് പരത്തി കുറച്ച് എള്ള് വിതറി നടുവില്‍ വിളയിച്ച തേങ്ങ വെച്ച് മടക്കി എടുക്കുക. ഒരു ചുവടു കട്ടിയുള്ള പരന്ന പാത്രത്തില്‍ മടക്കിയ വാഴയില വെച്ച് അതിനു മുകളില്‍ ഭാരം വെച്ച് രണ്ട് വശവും പാകപ്പെടുത്തിയെടുക്കുക.

You may also like...