എന്താണ് റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍? നിങ്ങളുടെ സംശയങ്ങൾക്കിതാ ഉത്തരം

കേരളത്തെ ആകെ വെള്ളത്തില്‍ മുക്കിയ പ്രളയത്തിനിടയില്‍ ഏറ്റവുമധികം കേട്ട വാക്കുകളാണ് റെഡ്, ഓറഞ്ച്, യെല്ലോ അലര്‍ട്ടുകള്‍. ഇവയൊക്കെ അപകടസൂചന നല്‍കുന്നതാണ് എന്നതിലുപരി എന്താണ് ഇവയുടെ ശാസ്ത്രീയ വശം എന്ന് ഭൂരിപക്ഷം പേര്‍ക്കും അറിയണമെന്നില്ല. ശരിക്കും എന്താണ് ഇതുകൊണ്ട് അർത്ഥമാക്കുന്നത് എന്ന് ഇപ്പോഴും ചില ആളുകൾക്ക് അറിയില്ല. മിക്കയാളുകളും ഞങ്ങളോട് അതിനെക്കുറിച്ച് ഇന്നും സംശയങ്ങൾ ചോദിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു ലേഖനം തയ്യാറാക്കുന്നത്.

എന്താണീ അലര്‍ട്ടുകള്‍ ?

കാലാവസ്ഥയില്‍, പ്രത്യേകിച്ച് മഴയുടെ ലഭ്യതയില്‍ വരുന്ന വ്യതിയാനങ്ങള്‍ക്കനുസരിച്ചും, കരുതിയിരിക്കേണ്ട പ്രശ്നങ്ങള്‍ക്കും മുന്നോടിയായി അത് ബാധിക്കാന്‍ സാധ്യതയുള്ള പ്രദേശത്തെ ജനങ്ങള്‍ക്ക് നല്കുന്ന മുന്നറിയിപ്പുകളാണ് ഇവ. പ്രധാനമായും മൂന്ന് തരത്തിലുള്ള അലര്‍ട്ടുകളാണ് നല്‍കുന്നത്. റെഡ്, ഓറഞ്ച്, യെല്ലോ എന്നീ പേരുകളിലാണ് ഇവ അറിയപ്പെടുന്നത്.

റെഡ് അലർട്ട്

ഏറ്റവും അപകടകരമായ അവസ്ഥയില്‍ ഒടുവിലായാണു റെഡ് അലര്‍ട്ട് നല്‍കുക. 24 മണിക്കൂർ തുറന്ന് പ്രവർത്തിക്കുന്ന കൺട്രോൾ റൂമുകൾ ഈ മേഖലകളിൽ ഉണ്ടാകും. 244.4 മില്ലിമീറ്ററിന് മുകളിൽ മഴ ലഭിക്കുന്ന മേഖലകളിലാണ് റെഡ് അലർട്ട് പ്രഖ്യാപിക്കുന്നത്. മണ്ണിടിച്ചലും ഉരുൾപൊട്ടലും ഉണ്ടാകാൻ ഇടയുള്ള പ്രദേശങ്ങളിൽ താമസിക്കുന്നവർ ഏതൊരു സമയവും അധികൃതർ നൽകുന്ന നിർദേശങ്ങൾക്കനുസരിച്ച് സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറി താമസിക്കണം.

മലയോര മേഖലകളിലേക്കുള്ള യാത്രകള്‍ക്ക് പൂർണമായും നിരോധനമേര്‍പ്പെടുത്തും. റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന മേഖലകളിൽ ടൂറിസ്റ്റുകളെ പ്രവേശിപ്പിക്കില്ല. വഴിയരികിലുള്ള അരുവികളിലോ പുഴകളിലോ ഇറങ്ങരുത്. സഞ്ചാരികളെ ഒഴിവാക്കി ഹിൽ സ്റ്റേഷനുകളും റിസോർട്ടുകളും അടക്കണമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന നിർദേശത്തിൽ വ്യക്തമാക്കുന്നു. തീരപ്രദേശങ്ങളിലെയും താഴ്ന്ന പ്രദേശങ്ങളിലെയും ജനങ്ങള്‍ ഏത് നിമിഷവും മാറി താമസിക്കാന്‍ സന്നദ്ധരായിരിക്കണം.

ഓറഞ്ച് അലർട്ട്

പ്രതികൂല കാലാവസ്ഥയില്‍ പ്രഖ്യാപിക്കുന്ന രണ്ടാം ഘട്ട മുന്നറിയിപ്പാണ് ഓറഞ്ച് അലർട്ട്. ഈ മേഖലകളിൽ ജനങ്ങൾ പൂർണ ജാഗ്രത പാലിക്കണമെന്ന കർശന നിർദ്ദേശം നല്‍കാറുണ്ട്. 124.5 മുതൽ 244.4 മില്ലീമീറ്റർ വരെ മഴ ലഭിക്കുമ്പോഴാണ് ഓറഞ്ച് അലർട്ട് നല്‍കുന്നത്. ഈ മേഖലകളിൽ മണ്ണിടിച്ചിലിനും ഉരുൾപ്പൊട്ടലിനും സാധ്യതയുള്ളതിനാൽ വഴിയോരങ്ങളിലെ ജലാശയങ്ങളിൽ ഇറങ്ങുന്നതും കുളിക്കുന്നതും അധികൃതര്‍ വിലക്കാറുണ്ട്. ഉരുൾപൊട്ടൽ സാധ്യതയുള്ളതിനാൽ കഴിവതും മലയോരമേഖലകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും നിർദ്ദേശമുണ്ട്.

യെല്ലോ അലര്‍ട്ട്

മഴയുടെ ശക്തി വര്‍ധിച്ചു വരുമ്പോൾ തന്നെ നൽകുന്ന ആദ്യ ഘട്ട ജാഗ്രതാ നിർദ്ദേശമാണ് യെല്ലോ അലർട്ട്. മഴയുടെ ലഭ്യത 64.4 മുതൽ 124.4 മില്ലി മീറ്റർ വരെയാകുമ്പോഴാണ് യെല്ലോ അലർട്ട് പ്രഖ്യാപിക്കുക. യെല്ലോ അലർട്ട് നല്‍കി കഴിഞ്ഞാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ല. എന്നാല്‍ എപ്പോഴും ഇത് സംബന്ധിച്ച് അവര്‍ ജാഗരൂകരായിരിക്കണം. അധികൃതര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ക്കനുസരിച്ചാകണം ഓരോനീക്കവും.

വിവരങ്ങൾക്ക് കടപ്പാട് – മീഡിയ വൺ.

You may also like...