September 24, 2020

നിങ്ങളുടെ പങ്കാളിയുടെ ഒരു നല്ല സുഹൃത്തായി മാറാൻ നിങ്ങൾ ആഗ്രഹമില്ലേ? ഈ കാര്യങ്ങൾ ചെയ്യാം

നിങ്ങളുടെ പങ്കാളിയുടെ ഒരു നല്ല സുഹൃത്തായി മാറാൻ നിങ്ങൾ ആഗ്രഹമില്ലേ? എങ്കിൽ അതിനായി ഈ കാര്യങ്ങൾ ഒന്ന് ചെയ്‌താൽ മതിയാകും.

നല്ല രീതിയിൽ കുടുംബജീവിതം നയിക്കുന്ന ഏതൊരാളുടെയും ജീവിതം നോക്കിയാലും ഭാര്യഭർത്താക്കന്മാർ തമ്മിൽ നല്ല സ്നേഹത്തിലും സൗഹൃദത്തിലും ആണെന്ന് മനസ്സിലാകും, അങ്ങനെ സൗഹൃദത്തിൽ ആവാനും നിങ്ങളുടെ പങ്കാളിയുടെ ഏറ്റവും നല്ല കൂട്ടുകാരി അല്ലെങ്കിൽ കൂട്ടുകാരൻ ആവാൻ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

അതിൽ ഏറ്റവും ആദ്യത്തേത് നിങ്ങൾ നിങ്ങൾതന്നെ ആയിരിക്കുക എന്നതാണ്, വിവാഹം കഴിഞ്ഞ ആദ്യനാളുകളിൽ താൻ സ്നേഹം ഉള്ള ആളാണെന്നും, നല്ലതാണെന്നും കാണിക്കുവാൻ വേണ്ടി ഒരുപാട് അഭിനയങ്ങൾ കാഴ്ചവയ്ക്കും, പക്ഷേ ഈ അഭിനയം ഒരുപാട് കാലം നമുക്ക് കൊണ്ടുനടക്കാൻ സാധിക്കുകയില്ല, അപ്പോൾ അങ്ങനെ അഭിനയം അവസാനിപ്പിക്കുമ്പോൾ സ്വന്തം പങ്കാളി ഒരുപാട് മാറി എന്ന് തോന്നിയേക്കാം, ആയതിനാൽ എങ്ങനെയാണോ നിങ്ങൾ അതുപോലെതന്നെ എപ്പോഴും ജീവിക്കാൻ ശ്രമിക്കുക.

പിന്നെ ഒരിക്കലും തന്റെ പങ്കാളി പെർഫെക്റ്റ് ആയിരിക്കണമെന്ന് വാശിപിടിക്കാൻ പാടില്ല. ഒരു കുടുംബ ജീവിതം ആകുമ്പോൾ പരസ്പരം സ്നേഹവും സഹായവും സഹകരണവും എല്ലാം ഉണ്ടായിരിക്കണം, എല്ലാവർക്കും അവരുടേതായ കുറ്റങ്ങളും കുറവുകളും ഉണ്ടാകും അത് മനസ്സിലാക്കി ജീവിക്കുന്നവരാണ് യഥാർത്ഥ ജീവിതപങ്കാളി എന്ന് പറയുന്നത്.

പിന്നെ കല്യാണം കഴിഞ്ഞ് ആദ്യനാളുകളിൽ നമുക്ക് പങ്കാളിയോട് വളരെയധികം സ്നേഹം ഉണ്ടാകും, പിന്നീട് ചിലപ്പോൾ മറ്റുള്ളവരുടെ സംസാരം മൂലം അല്ലെങ്കിൽ മറ്റെന്തെങ്കിലും കാരണം കൊണ്ട് ഇഷ്ടം കുറഞ്ഞു പോയെന്ന് വരാം, അങ്ങനെ നെഗറ്റീവായ ചിന്തകൾ നിങ്ങളുടെ മനസ്സിൽ കടന്നു കൂടാൻ അനുവദിക്കരുത്, ഇപ്പോഴും അതെ സ്നേഹം തന്നെ നിലനിർത്തണം, എന്തെങ്കിലും കാരണവശാൽ അങ്ങനെയൊരു ചിന്ത വരികയാണെങ്കിൽ തന്നെ അത് മാറ്റുകയും വേണം.

പിന്നെ മറ്റുള്ള ആളുകളുടെ ഭാര്യ ഭർത്താവിനെ വച്ച് നമ്മുടെ പങ്കാളിയെ താരതമ്യം ചെയ്യുന്നത് വളരെ മോശമായ കാര്യമാണ്, അത് ഒരിക്കലും നമ്മൾ ചെയ്യരുത്, കാരണം നേരത്തെ പറഞ്ഞപോലെ എല്ലാവരും അവരുടേതായ രീതിയിൽ വ്യത്യസ്തരാണ്, ചിലപ്പോൾ പുറമേ കാണുന്ന ഭംഗി ആയിരിക്കില്ല പലരുടെയും ഉള്ളിൽ, അതുകൊണ്ട് സ്വന്തം പങ്കാളിയെ താരതമ്യം ചെയ്യരുത്.

എപ്പോഴും പരസ്പരം ബഹുമാനത്തോടെ ജീവിതം മുന്നോട്ടു നയിക്കേണ്ടത് ഉണ്ട്, എന്തൊരു കാര്യം പങ്കാളി നമുക്കായി ചെയ്തു തരുമ്പോൾ ഇത് അവരുടെ കടമയാണ് എന്ന് ചിന്തിക്കാതെ, ഇതെല്ലാം ചെയ്തു കിട്ടുന്നുണ്ടല്ലോ എന്ന് ഓർത്ത് നമ്മൾ എത്ര ഭാഗ്യവാന്മാർ അല്ലെങ്കിൽ ഭാഗ്യവതികൾ ആണെന്ന് ചിന്തിക്കണം.

പിന്നെ കുടുംബ ജീവിതത്തിൽ ഏറ്റവും കൂടുതൽ വേണ്ടത് ക്ഷമയാണ്, കൊച്ചുകുട്ടികൾ തെറ്റുകൾ കാണിക്കുമ്പോൾ വീണ്ടും വീണ്ടും പറഞ്ഞു കൊടുക്കാറുണ്ട്, ആ ഒരു ക്ഷമ തന്നെ ഒരു കുടുംബ ജീവിതത്തിലും കാണിക്കണം, കാരണം കൈവിട്ടുപോയാൽ നിങ്ങൾക്ക് അല്ലാതെ വേറെ ആർക്കും നഷ്ടങ്ങൾ ഇല്ല അതുകൊണ്ട് ക്ഷമയോടുകൂടി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം.

പങ്കാളിക്ക് സ്വാതന്ത്ര്യം കൊടുക്കേണ്ടത് തന്നെയാണ്, ഓരോരുത്തർക്കും വ്യത്യസ്തങ്ങളായ ഇഷ്ടങ്ങളും ആഗ്രഹങ്ങളും ഉണ്ടാകും, അത് എല്ലാം നമ്മൾ ഭാര്യ ഭർത്താവ് എന്ന് പറഞ്ഞ് കടിഞ്ഞാണിട്ടു മുറുക്കരുത്, അവർക്ക് സ്വാതന്ത്ര്യം കൊടുക്കണം, ഇനി അമിതമായി സ്വാതന്ത്ര്യം എടുക്കുകയാണെങ്കിൽ അത് പറഞ്ഞു തിരുത്തുവാനുള്ള ഒരു അവകാശം നിങ്ങൾക്ക് എന്തായാലും ഉണ്ട്.

ലൈഫിൽ എന്ത് പ്രശ്നം വരുകായാണെങ്കിലും ഒറ്റക്കെട്ടായി നിൽക്കണം, ഞാൻ-നീ എന്ന വേർതിരിവ് ഇല്ലാതെ നമ്മൾ എന്ന രീതിയിൽ ഒരുമിച്ച് ചിന്തിക്കുവാനും പ്രവർത്തിക്കുവാനും ആണ് നല്ലൊരു റിലേഷനിൽ ഉള്ളവർ ശ്രമിക്കേണ്ടത്.

സത്യസന്ധമായി ജീവിതം മുന്നോട്ടു കൊണ്ടുപോകണം, അങ്ങനെ പറയുമ്പോൾ നമുക്ക് വരുന്ന വികാരങ്ങൾ ഈഗോയുടെ പേരിൽ കടിച്ചമർത്തി ഇരിക്കരുത്, ഉദാഹരണത്തിന് പങ്കാളിയുമായി വഴക്കിട്ട് അതിനുശേഷം പിന്നീട് ഒരു സ്നേഹം തോന്നുന്നു എങ്കിൽ അത് കടിച്ചുപിടിച്ച് ഇരിക്കാതെ ദേഷ്യം പ്രകടിപ്പിച്ചതുപോലെതന്നെ സ്നേഹം പ്രകടിപ്പിക്കാനും മറക്കരുത്.

പിന്നെ നിങ്ങളുടെ പങ്കാളിയെ മറ്റുള്ളവരുടെ മുമ്പിൽ വച്ച് കളിയാക്കുകയോ ഇൻസൾട്ട് ചെയ്യുകയോ ചെയ്യരുത്, പ്രത്യക്ഷത്തിൽ നിങ്ങൾക്ക് പ്രശ്നമൊന്നും തോന്നുന്നില്ലെങ്കിലും പങ്കാളിയുടെ മനസ്സിൽ അത് വളരെയധികം വിഷമം ഉണ്ടാക്കും എന്ന് മനസ്സിലാക്കുക, കാരണം വളരെയധികം സ്നേഹിക്കുന്ന തന്റെ ഭർത്താവ് അല്ലെങ്കിൽ ഭാര്യ മറ്റൊരാളുടെ മുൻപിൽ വെച്ച് നമ്മളെ താഴ്ത്തി കാണിക്കുമ്പോൾ അത് ആർക്കായാലും സഹിക്കുകയില്ല. അത്തരം പെരുമാറ്റങ്ങൾ ഒഴിവാക്കുക.

അപ്പോൾ ഇതെല്ലാം ഒന്നു ശ്രദ്ധിച്ചു കഴിഞ്ഞിട്ടുണ്ടെങ്കിൽ സുഗമമായ ഒരു കുടുംബജീവിതം നിങ്ങൾക്ക് ഉണ്ടാകും. പിന്നെ ഇതെല്ലാം ചെയ്യുമ്പോൾ മേൽപ്പറഞ്ഞ രീതിയിൽ നമ്മുടെ പങ്കാളി നമ്മളോട് പെരുമാറുന്നില്ല, അതുകൊണ്ട് ഞാനും ചെയ്യേണ്ട എന്ന് കരുതുകയാണെങ്കിൽ അവിടെ ഏറ്റവും കൂടുതൽ ഈഗോക്ക് നിങ്ങൾ സ്ഥാനം കൊടുക്കുന്നു എന്നാണ് അർത്ഥം. ചിലപ്പോൾ പങ്കാളിക്കും ഇതിനൊക്കെ താൽപര്യമുണ്ടാകും എന്നാൽ ഒരാൾ വിട്ടുവീഴ്ച ചെയ്താൽ മാത്രമേ കുടുംബ ജീവിതം നന്നായി മുന്നോട്ടു പോവുകയുള്ളൂ. വിട്ടുവീഴ്ചകൽ ചെയ്തു വരുമ്പോൾ തീർച്ചയായും നമ്മളോടൊപ്പം നമ്മുടെ ഭാര്യ അല്ലെങ്കിൽ ഭർത്താവ് ഇണങ്ങി ചേരും.