November 27, 2020

‘തടിച്ചി’ എന്ന് വിളിച്ചപമാനിച്ചവരോട് തലയുയർത്തി പിടിച്ചു തീര്‍ത്ഥയുടെ മധുര പ്രതികാരം

‘തടിച്ചി’എന്ന് വിളിച്ചപമാനിച്ചവരോട് തലയുയർത്തി പിടിച്ചു കൊണ്ടു നോക്കി ചിരിക്കുകയാണ് തീർത്ഥയെന്ന സുന്ദരികുട്ടി.. ‘ചിലർ വരുമ്പോൾ ചരിത്രം വഴി മാറും’ എന്ന പരസ്യ വാചകം യാഥാർഥ്യമാക്കിയിരിക്കുകയാണ് തീർത്ഥ എന്ന തലശ്ശേരിക്കാരിയിലൂടെ. തടിയുള്ളതിന്റെ പേരിൽ സ്വന്തം സ്വപ്നം ആയ മോഡലിംങ്ങിൽ ഏറ്റവും പുറകിൽ സ്ഥാനം പിടിക്കേണ്ടി വന്ന ഒരു പെൺകുട്ടിയുടെ ആത്മധൈര്യത്തിന്റെയും, നേടിയെടുത്ത വിജയത്തിന്റെയും കഥയാണിത്.

‘ഭൂതം’ എന്ന തന്റെ ഇൻസ്റ്റാഗ്രാം പേജിൽ ഇട്ടിരുന്ന തന്റെ എല്ലാ ഫോട്ടോസിനും ‘തടിച്ചി’യെന്നും ‘ഉണ്ട’യെന്നും മാത്രം കമന്റ്‌ ഇട്ടിരുന്ന ഫേക്ക് ഐഡികൾ ഒരുപാട് ഉണ്ടായിരുന്നു. പക്ഷെ അതിനൊന്നും വക വയ്ക്കാതെ തന്റെ സ്വപ്നത്തിനു മാത്രം വലിയ വില കൊടുത്ത് ഇന്ന് മുൻ നിരയിലേക്ക് എത്തിയിരിക്കുന്നു. തീർത്ഥ ഒരു യുവ സൈക്കോളജിസ്റ് കൂടി ആണ്. നൂല് പോലെയിരിക്കുന്നവർക്ക് മാത്രമല്ല അൽപ്പം തടിയുള്ളവർക്കും ഈ മേഖലയിൽ സ്ഥാനം ഉണ്ടെന്ന് തെളിയിച്ചു തന്നിരിക്കുകയാണ് തീർത്ഥ.

മുൻപ് തനിക്കുണ്ടായ ഒരു കയ്പ്പേറിയ അനുഭവം നമ്മോട് പങ്കുവക്കുകയാണ് തീർത്ഥ, ഒരിക്കൽ ഒരു പരസ്യ ഷൂട്ടിംഗ് ഇടക്ക് തടി കൂടിയതിന്റെ പേരിൽ നായികയുടെ ഏറ്റവും പുറകിൽ കൊണ്ടു നിർത്തി. അവസാനം പരസ്യം പുറത്തു വന്നപ്പോൾ താനില്ല താനും. പല വഴിക്കും മോഡലിങ്ങിന് ട്രൈ ചെയ്തു കൊണ്ടിരുന്നു. ചില ഓൺലൈൻ ചാനലിൽ പ്രോഗ്രാം അവതരിപ്പിച്ചു. ഷോർട് ഫിലിമിൽ അഭിനയിച്ചു. പക്ഷെ ഒന്നിലും ശ്രദ്ധിക്കപ്പെട്ടില്ല. എല്ലാവർക്കും സീറോ സൈസ് മോഡലുകളെ മാത്രമേ ആവശ്യമുള്ളു. ഇതൊന്നും കേട്ട് തളരാൻ തീർത്ഥകുട്ടി തയ്യാറല്ലായിരുന്നു.

ഇൻസ്റ്റാഗ്രാമിൽ അവസാനം പോസ്റ്റ്‌ ചെയ്ത ഫോട്ടോസ് ആണ് വൈറൽ ആയത്. ഒരു പാട് പേര് അതുകണ്ടു അഭിനന്ദിക്കുകയും ചെയ്തു. വീട്ടുകാരും കൂട്ടുകാരും കട്ടക്ക് തീർത്ഥയുടെ കൂടെ ഉണ്ട്. ഏതെങ്കിലും മാസികയുടെ ‘കവർ ഗേൾ’ ആകണം എന്നതാണ് ജീവിതത്തിലെ ‘സ്വപ്നം’എന്നു തീർത്ഥ പറയുന്നു. സിനിമയും കൂട്ടത്തിൽ ഉണ്ടെന്ന് കള്ളച്ചിരിയോടെ തീർത്ഥ പറഞ്ഞു മുഴുമിക്കുന്നു.