October 28, 2020

പ്രൈവറ്റ് സ്കോളർഷിപ്പുകൾ അല്ലാതെ കേരള സർക്കാരിൻറെ വക വിദ്യാർഥികൾക്ക് 1000 രൂപ സ്കോളർഷിപ്പ്

പ്രൈവറ്റ് സ്കോളർഷിപ്പുകൾ അല്ലാതെ കേരള സർക്കാരിൻറെ വക ഒന്നാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദ വിദ്യാർഥികൾക്ക് വരെ ആയിരം രൂപ സ്കോളർഷിപ്പ് ലഭിക്കുന്നു.

വിദ്യാകിരണം എന്നാണ് ഈ പദ്ധതിയുടെ നാമം, സാമൂഹിക നീതി വകുപ്പ് ആണ് ഇതിൻറെ വിതരണ ചുമതല ഏറ്റെടുത്തിരിക്കുന്നത്, ഭിന്നശേഷിയുള്ള മാതാപിതാക്കളുടെ മക്കൾക്ക് വേണ്ടിയാണ് ഈ സ്കോളർഷിപ്പ് പ്രതിമാസം നൽകുന്നത്.

ഒന്നാം ക്ലാസ്സ് മുതൽ അഞ്ചാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്ക് 300 രൂപയും, 6 മുതൽ 10 വരെയുള്ള വിദ്യാർത്ഥികൾക്ക് 500 രൂപയും, പ്ലസ് വൺ/പ്ലസ് ടു/ ഐടി പോലെയുള്ള കോഴ്സുകൾ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 750 രൂപയും, ബിരുദം ബിരുദാനന്തര ബിരുദം പോളിടെക്നിക് പ്രൊഫെഷണൽ കോഴ്സുകൾ അതുപോലെയുള്ള കോഴ്സുകൾ പഠിക്കുന്നവർക്ക് ആയിരം രൂപയും പ്രതിമാസം ഈയൊരു പദ്ധതിയിലൂടെ നൽകുന്നു.

ബിപിഎൽ വിഭാഗത്തിൽ പെടുന്ന മാതാപിതാക്കളുടെ കുട്ടികൾ ആയിരിക്കണം, വൈകല്യം 40 ശതമാനമോ അല്ലെങ്കിൽ അതിൽ കൂടുതലോ ആയിരിക്കണം എന്നിവയാണ് മാനദണ്ഡം.

വില്ലേജ് ഓഫീസറുടെ റേഷൻകാർഡ് സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വൈകല്യ ശതമാനം കാണിക്കുന്ന ഡോക്ടറുടെ പകർപ്പ്, വൈകല്യ ഐഡി കാർഡ് പകർപ്പ് എന്നിവ സമർപ്പിക്കേണ്ടതുണ്ട്.

ഓരോ ക്ലാസ്സിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പത്തുമാസം ആയിരിക്കും ഈ സ്കോളർഷിപ്പ് പ്രതിമാസം ലഭിക്കുക, പക്ഷേ ഓരോ ക്ലാസിനും ഒരു തവണയാണ് സ്കോളർഷിപ്പ് ഉണ്ടാവുക അതിനുശേഷം വീണ്ടും അപേക്ഷിക്കേണ്ടതുണ്ട്. പിന്നെ ഭിന്നശേഷി പ്രകാരം മറ്റു സ്കോളർഷിപ്പുകൾ നേടുന്ന ആർക്കും ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ സാധിക്കുന്നതല്ല.

സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ വിദ്യ അഭ്യസിക്കുന്നവർക്കായിരിക്കും ഇതിനു വേണ്ടി അപേക്ഷിക്കാൻ സാധിക്കുക, പാരലൽ കോളേജ്, പാർട്ട് ടൈം കോഴ്സുകൾ ചെയ്യുന്നവർക്ക് ഇത് ലഭിക്കുകയില്ല. അപേക്ഷാഫോറം അക്ഷയ കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്നതാണ് അത് പൂരിപ്പിച്ചു കൊണ്ട് ബന്ധപ്പെട്ട രേഖകളുടെ ഒപ്പം ജില്ലാ ഓഫീസർ മുമ്പാകെ സമർപ്പിക്കാം. ഇതിലൂടെ അർഹതയുള്ളവർക്ക് ബാങ്ക് അക്കൗണ്ടിലേക്ക് തുക എത്തുന്നതാണ്.

നമ്മുടെ സമൂഹത്തിൽ ധാരാളം ഭിന്നശേഷിയുള്ളവർ ഉണ്ട് അവരുടെ മക്കൾക്ക് ഈയൊരു സ്കോളർഷിപ് ഏറെ ആശ്വാസകരം ആയിരിക്കും, ആയതിനാൽ അവരിലേക്ക് എല്ലാം ഈ വിവരം എത്തട്ടെ.